തിരുവല്ല: മോഡുലാര്‍ ഓപ്പറേഷന് തിയറ്റര്‍ അനുബന്ധ ജോലികള്‍ക്ക് മൂന്നാഴ്ചത്തേക്ക് അടച്ചിട്ടതോടെ അടിയന്തിര ശസ്ത്രക്രിയകള്‍ക്കായി താലൂക്ക് ആശുപത്രിയില്‍ താത്കാലിക മുറിയൊരുങ്ങി. ഡോക്ടര്‍മാരുടെയും ഓപ്പറേഷന് തിയറ്ററിലെ ജീവനക്കാരുടെയും ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് താത്ക്കാലിക സംവിധാനം ഒരുക്കിയത്. ഒരു മാസം ശരാശരി 120-130 പ്രസവങ്ങള്‍, സിസേറിയന് ഉള്‍പ്പെടെ ഇവിടെ നടക്കാറുണ്ട്. ഇതിന് ഓപ്പറേഷന് തിയറ്റര്‍ അത്യാവശ്യമായതിനാലാണ് താത്കാലിക സംവിധാനം ഒരുക്കിയത്.3 മാസം മുന്‍പ് മോഡുലര്‍ ഓപ്പറേഷന് തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അനുബന്ധ ജോലികളൊന്നും പൂര്‍ത്തിയാക്കിയിരുന്നില്ല.
നേരത്തേ ഓപ്പറേഷന് തിയറ്ററായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ സംവിധാനം. മേജര്‍ ശസ്ത്രക്രിയകള്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. ദേശീയ ആരോഗ്യ ദൗത്യം 54 ലക്ഷം രൂപ അനുവദിച്ചാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്.മോഡുലര്‍ തിയറ്ററിനോടു ചേര്‍ന്ന് സ്വീകരണ മുറി, അനസ്തീസിയ ഡോക്ടറുടെ പരിശോധനാ മുറി, മരുന്നുകള്‍ സൂക്ഷിക്കുന്നതിനും നഴ്സുമാര്‍ക്കും രോഗികള്‍ക്കും വസ്ത്രം മാറുന്നതിനുള്ള മുറി, അനസ്്തീസിയ നല്‍കുന്നതിനുള്ള മുറി എന്നിവയാണ് നിര്‍മിക്കുന്നത്.ഇതിനു പുറമേ മറ്റൊരു ഓപ്പറേഷന് തിയറ്ററിനും നേത്രശസ്ത്രക്രിയ നടത്താനുള്ള മുറിക്കും ഉള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് പണം അനുവദിക്കുമ്പോള്‍ ഈ രണ്ടു ശസ്ത്രക്രിയാ മുറികള്‍ നിര്‍മിക്കും.നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി 6 മാസമാണ്. എന്നാല്‍ 3 ആഴ്ചയ്ക്കുള്ളില്‍ തീര്‍ക്കുന്നതിന് രാത്രിയും പകലുമായി ജോലി ചെയ്യാനാണ് തീരുമാനം. ഇതു പൂര്‍ത്തിയാകുന്നതോടെ അത്യാധുനിക സൗകര്യമുള്ള ഓപ്പറേഷന് തിയറ്റര്‍ താലൂക്ക് ആശുപത്രിയില്‍ തയാറാകും. രാജ്യസഭ എംപിയായിരുന്ന രേഖ ഗണേശന് അനുവദിച്ച 63 ലക്ഷം രൂപയ്ക്കാണ് നിര്‍മാണം നടത്തിയത്.