തിരുവല്ല : ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ലയിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്താൻ കഴിയാതെ 3 വർഷമായി ബ്ലഡ് ബാങ്ക് അടച്ചിട്ട അനാസ്ഥയ്ക്ക് ആരോഗ്യവകുപ്പ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ടെക്നീഷ്യൻ ഇല്ലാത്തത് മൂലം ബ്ലഡ് ബാങ്ക് പ്രവർത്തനം നിർത്തി വെച്ചത് എന്നും, ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നിയമന ചുമതല എന്നും വ്യക്തമാക്കുന്നുണ്ട്. പ്രസവം ഉൾപ്പെടെ നിരവധി സാധാരണക്കാരായ രോഗികളുടെ ഓപ്പറേഷൻ നടക്കുന്ന ഹോസ്പിറ്റലിൽ രക്തത്തിനായ് വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടുന്ന സാഹചര്യമാണ്. അടിയന്തിരമായി നിയമനം നടത്തി രോഗികൾക്കായി ബ്ലഡ് ബാങ്ക് തുറന്നു കൊടുക്കുവാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.