അഴിയിടത്തുചിറ : ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 5 മുതൽ 13 വരെ നടക്കുന്ന പതിനാറാമത് ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞ വിഗ്രഹ ഘോഷയാത്ര നടത്തി. കാവുംഭാഗം തിരു: ഏറങ്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും ഘോഷയാത്ര ആരംഭിച്ചു. വിവിധ ക്ഷേത്രങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി താലപ്പൊലി, കരകം, ചെണ്ടമേളം, കഥകളിവേഷം, കൃഷ്ണ രാധാ വേഷങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ഉത്ഘാടന സഭയിൽ ക്ഷേത്ര പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ സിനിമാ സീരിയൽ താരം മോഹൻ അയിരൂർ ഭദ്രദീപം പ്രകാശനം ചെയ്തു. ക്ഷേത്രം തന്ത്രി രാഹുൽ നാരായണ ഭട്ടതിരി മമ്പുഴ മഠം അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ആശംസകൾ അർപ്പിച്ചു. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി ദേവി ഭാഗവത പ്രഭാഷണം നടത്തി. സെക്രട്ടറി മനോജ് പഴുർ, രവീന്ദ്രൻ നായർ മംഗലശ്ശേരി, ഉണ്ണികൃഷ്ണൻ നായർ പേരൂർ വടക്കേതിൽ, രാജേഷ് പി.ആർ പേരൂർ വടക്കേതിൽ എന്നിവർ പ്രസംഗിച്ചു.