തിരുവല്ല : ഓതറ മുള്ളിപ്പാറയിൽ രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ തിരുവല്ല പോലീസിന്റെ പിടിയിലായി. മുള്ളിപ്പാറ ചരിവ് കാലായിൽ വീട്ടിൽ രഞ്ജിത്ത് ( 34 ) ആണ് പിടിയിലായത് . മുള്ളിപ്പാറ കോളനിയിൽ അരുൺ ചന്ദ്രൻ , സുനിൽ നിവാസിൽ സുനിൽ ജോൺ എന്നിവർക്ക് വെട്ടേറ്റ സംഭവത്തിലാണ് പ്രതികൾ പിടിയിലായത് . ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അരുൺ ചന്ദ്രന്റെ സഹോദരൻ ബിജുവിന് വേണ്ടി ശ്രീകുമാർ തിരുവല്ല കോടതിയിൽ ജാമ്യം നിന്നിരുന്നു. ബിജു കോടതിയിൽ ഹാജരാകാതെ വന്നതോടെ ശ്രീകുമാറിന് കോടതി വാറണ്ട് അയച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെട്ടേറ്റ അരുൺ ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുനിൽ ജോൺ തിരുവല്ല താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലാവാൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു.