തിരുവല്ല : പട്ടികജാതി വികസന വകുപ്പിലെ ഭവന പുനർ നിർമാണ പദ്ധതി, കാൻസർ ഉൾപ്പെടെ ചികിത്സ സഹായപദ്ധതികൾ എന്നിവക്കാവശ്യമായ വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസുകളിൽ നിന്ന് ലഭിക്കുവാൻ കാലതാമസം നേരിരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തിരുവല്ല സബ് കളക്ടർക്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ടോണി ഇട്ടി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.
സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് തദ്ദേസ്വയംഭരണ സ്ഥാപനങ്ങളിൽ ഹാജരാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, അക്ഷയ കേന്ദ്രങ്ങൾ വഴി നൽകിയ ആയിരക്കണക്കിന് അപേക്ഷ തിരുവല്ല, മല്ലപ്പള്ളി താലൂക്കിലെ, വിവിധ വില്ലേജ് ഓഫിസുകളിൽ മാസങ്ങളായി തീർപ്പാക്കാതെ കിടക്കുന്ന സാഹചര്യമാണ്. ഇത് കാരണം നിർദ്ധന രോഗികളുടെ ചികിത്സ സഹായപദ്ധതികളുടെ ആവശ്യ രേഖയായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷ കാലയളവിനുള്ളിൽ ലഭിക്കാതെ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ മെഡിക്കൽ ഓഫിസ് മുഖേന ഉത്തരവ് ഇറക്കിയ (PH5 -46354 /2022 DHS /dt. 13/09/2022) നിർദ്ധന കാൻസർ രോഗികളുടെ ചികിത്സ സഹായ പദ്ധതി ഉൾപ്പെടെ മറ്റു രോഗബാധിതർക്കുള്ള ചികിത്സ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങളും , വരുമാന സർട്ടിഫിക്കറ്റിന്റെ പേരിൽ രോഗികൾക്ക് നഷ്ടമാകുന്ന സാഹചര്യമാണ്. പട്ടിക ജാതി വികസന വകുപ്പ് മുഖേന ലഭിക്കുന്ന ഭവന പുനർ നിർമാണ പദ്ധതിയുടെ അപേക്ഷകരും വില്ലേജ് ഓഫിസ് കയറി ഇറങ്ങുന്ന സാഹചര്യമാണ്.