തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു കാറിന് മുകളിൽ വീണു. കാറിൽ സഞ്ചരിച്ച കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കടപ്ര ആലംതുരുത്തിക്ക് സമീപം ഇന്ന് രാത്രി ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന പുളിമരമാണ് കടപുഴകി വീണ് രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. കായംകുളം ഭാഗത്തേക്ക് പോയ വള്ളികുന്നം സ്വദേശികളായ അച്ഛനും അമ്മയും മകനും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു വീണത്. കാറിൽ സഞ്ചരിച്ചവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായി.