കോട്ടയം: തിരുനക്കര ഉത്സവത്തിന്റെ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷങ്ങൾ തുടരുന്നു. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ യുവാക്കളുടെ സംഘങ്ങൾ വീണ്ടും ഏറ്റുമുട്ടി. ഇന്ന് ഉച്ചയ്ക്ക് കാരാപ്പുഴ ഗവ.സ്‌കൂളിനു മുന്നിൽ മറിയപ്പള്ളിയിൽ നിന്നുള്ള ഗുണ്ടാ – അക്രമി സംഘങ്ങൾ വിദ്യാർത്ഥികളെ നേരിടാൻ മാരകായുധങ്ങളുമായി തമ്പടിച്ചു. വിവരം മുൻകൂട്ടി ലഭിച്ചതോടെ മാതാപിതാക്കളും – എക്‌സൈസ് സംഘവും സ്ഥലത്ത് എത്തിയാണ് അക്രമം ഒഴിവാക്കിയത്. ഫോണിലൂടെയുള്ള അസഭ്യവർഷവും ഭീഷണിയും ഇപ്പോഴും തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ കർശന ഇടപെടൽ നടത്തിയില്ലെങ്കിൽ വലിയ അക്രമങ്ങളിലേയ്ക്കാകും സംഭവങ്ങൾ നീങ്ങുക.
കഴിഞ്ഞ ദിവസം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഗാനമേളയ്ക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും യുവാക്കളിൽ ചിലരുടെ തല പൊട്ടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സംഘർഷം ഉണ്ടായിരിക്കുന്നത്. അക്രമികളെ അറിയില്ലെന്ന് പൊലീസിനു മൊഴി കൊടുത്തവർ തന്നെ വീണ്ടും അക്രമത്തിന് മുന്നിട്ടിറങ്ങിയതോടെയാണ് സ്ഥിതി ഭീകരമായി മാറിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തിനിറങ്ങിയവരിൽ പലരും ലഹരിയ്ക്ക് അടിമായാണെന്നാണ് ലഭിക്കുന്ന വിവരം. 15 മുതൽ 19 വയസ് വരെയുള്ള യുവാക്കളാണ് അക്രമി സംഘത്തിലുള്ളവരെല്ലാം. വീട്ടുകാരെ വരെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. കയ്യിൽ മാരകായുധങ്ങളുമായി നടക്കുന്ന സംഘത്തെ അമർച്ച ചെയ്തില്ലെങ്കിൽ വലിയ പ്രത്യാഘാതമാകും വരും ദിവസങ്ങളിൽ ഉണ്ടാകുക.