തിരുവനന്തപുരം : കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയെ ആയിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് എംഎല്‍എ കടകംപള്ളി സുരേന്ദ്രൻ.
പനി ബാധിച്ച് ചികിത്സയിലിരിക്കെ, യാത്രക്കിടെ മുഖത്ത് വവ്വാല്‍ അടിച്ചുവെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കമുള്ളയാളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളതെന്ന പ്രചാരണം തെറ്റാണ്. ആശങ്കകള്‍ക്ക് യാതൊരുഅടിസ്ഥാനവുമില്ല. ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞിട്ടുണ്ട്. സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടകംപള്ളിയുടെ കുറിപ്പിങ്ങനെ..
പനി ബാധിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ മുൻകരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഡെന്റല്‍ കോളേജ് പ്രിൻസിപ്പലിനോട് വിവരങ്ങള്‍ അന്വേഷിച്ചു. പനി ബാധിച്ച് ചികിത്സ തേടവേ, താൻ യാത്ര ചെയ്യുമ്ബോള്‍ വവ്വാല്‍ മുഖത്തടിച്ചു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുൻകരുതല്‍ എന്ന നിലയില്‍ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയതാണ്.
വിദ്യാര്‍ത്ഥിയുടെ സാമ്ബിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആളുടെ പനിയും കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ വിദ്യാര്‍ത്ഥിക്ക് കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്ടാക്‌ട് ഉണ്ട് എന്നുള്ള പ്രചാരണം തെറ്റാണ്. ദയവായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു പരിഭ്രാന്തി പടര്‍ത്തരുത്.