തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്ക് അനുകൂലമായി ഡിഎന്‍എ ഫലം.കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ മാസം 19നാണ് ചാക്കയില്‍ നിന്നും നാടോടി ദമ്ബതികളുടെ 2 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയില്‍ നിന്നും ഇന്നലെ കബീറിനെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെയാണോ എന്നതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. ഇരുവരേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് കുട്ടി ഇവരുടേത് തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയമായ പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വര്‍ക്കലയ്ക്ക് ട്രെയിനില്‍ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാല്‍ പേട്ട സ്‌റ്റേഷനിലിറങ്ങി. നടന്ന് ചാക്കയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസന്‍ കുട്ടിക്ക് മിഠായി നല്‍കി അടുത്തുകൂടി.
രാത്രി ഇവര്‍ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോള്‍ മരിച്ചെന്നു കരുതി പുലര്‍ച്ചയ്ക്ക് മുന്‍പ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെ റെയില്‍വേ സ്‌റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയില്‍ നിന്ന് 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.