കോട്ടയം: ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ രണ്ടാംഘട്ട പ്രചാരണം ആവേശകരമായി പുരോഗമിക്കുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥി. ഇന്നലെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു സൗഹൃദ സന്ദര്‍ശനം. രാവിലെ 10 മണിയോടെ കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ നിന്നായിരുന്നു സൗഹൃദ സന്ദര്‍ശനം തുടങ്ങിയത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്നു. ബസിനുള്ളില്‍ കയറി യാത്രക്കാരെ കണ്ട് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ബസ്റ്റാന്‍ഡിന് സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയ സ്ഥാനാര്‍ത്ഥിയെ ആവേശത്തോടെയാണ് ജീവനക്കാരും നാട്ടുകാരും വരവേറ്റത്.
എല്ലാവരോടും കുശലം പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ജോസ് കെ മാണി എംപിയും സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായത് കൂടുതല്‍ ആവേശം പകര്‍ന്നു. ഇരുവര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കാനെത്തിയവരും കുറവല്ല. പിന്നീട് താലൂക്ക് ആശുപത്രി, പാലായിലെ സ്വകാര്യ ആശുപത്രികള്‍, മഠങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്തി. എല്ലായിടത്തും സ്ഥാനാര്‍ത്ഥിയെയും സഹപ്രവര്‍ത്തകരെയും പുഞ്ചിരിച്ച മുഖത്തോടെയാണ് വോട്ടര്‍മാര്‍ വരവേറ്റത്. കോട്ടയം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി സമാനതകളില്ലാത്ത വികസനമുണ്ടായ കാലം ഓര്‍മ്മിപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം. കുടുംബയോഗങ്ങളില്‍ എത്തുന്ന ആള്‍ക്കൂട്ടവും ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇന്നും സൗഹൃദ സന്ദര്‍ശനം തുടരും. അതിനിടെ സോഷ്യല്‍ മീഡിയയിലും എല്‍ഡിഎഫ് പ്രചാരണം ശക്തമാണ്.