ദില്ലി: തൊണ്ടിമുതല്‍ കേസിൽ പുനരന്വേഷണത്തിനെതിരെ മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിൽ ഹർജികൾ വിധി പറയാനായി മാറ്റി. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്‍റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ ആകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിന്‍റെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു.
പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂർ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്നാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.