കുറിച്ചിത്താനം : കണ്ണന് സാമവേദം ചൊല്ലി കേൾപ്പിച്ച മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഇന്ന് രാത്രി ഗുരുവായൂർ ശ്രീലകം വിട്ടിറങ്ങുകയാണ്. അധികാര ചിഹ്നമായ താക്കോൽക്കൂട്ടം അത്താഴപ്പൂജ കഴിഞ്ഞാൽ വെള്ളിക്കുടത്തിലാക്കി ഊരാളന് കൈമാറും. ഊരാളൻ താക്കോൽ പുതിയ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിക്ക് നൽകും.
ശ്രീലകം വീട്ടിറങ്ങിയാൽ മുൻ മേൽശാന്തി എന്ന നിലയിൽ അകത്ത് കടക്കാൻ ആർക്കും അനുവാദമില്ല. അത് ഗുരുവായൂരിലെ നിയമം. ഏറ്റവും സുതാര്യമായി നടക്കുന്ന നിയമനമാണ് ഗുരുവായൂരിൽ മേൽശാന്തിയുടേത്. പുലർച്ചെ 2.15 ന് എണീറ്റ് ഉച്ചപ്പൂജ കഴിയുന്ന ഒരു മണി വരെ ഒരിറ്റ് വെള്ളം പോലും കുടിക്കാതെ ചെയ്യുന്ന പ്രവൃത്തി നിഷ്കാമ കർമ്മമാണ്. ഒരു തപസ്വിയെ പോലെയാണ് മേൽശാന്തിയുടെ ജീവിതം. ശിവകരൻ നമ്പൂതിരി നാളെമുൽ കുറിച്ചിത്താനത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ ഭാര്യ ഡോ മജ്ജരിക്കൊപ്പം മേൽനോട്ടം വഹിക്കും ഇതോടൊപ്പം സാമവേദ ക്ലാസുകളിലും മുഴുകും.