തിരുവല്ല : തോട്ടഭാഗം നന്നൂർ ദേവി ക്ഷേത്രത്തിൽ മേൽശാന്തിയെ നിയമിക്കാത്ത ദേവസ്വം ബോർഡ് നടപടിയിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറുടെ വീട് ഉപരോധിച്ചു. ഇന്ന് വൈകിട്ട് എട്ടു മണിയോടെയായിരുന്നു അസിസ്റ്റൻറ് കമ്മീഷണറുടെ പാലിയേക്കരയിലെ വീടിന് മുമ്പിൽ സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ നാലു മാസക്കാലമായി സ്ഥിരം ശാന്തി ഇല്ലാത്തതിനാൽ ക്ഷേത്ര പൂജകൾ പലപ്പോഴും മുടങ്ങുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് ഭക്തജനങ്ങൾ പറയുന്നു. ഇന്ന് പൂജ പൂർണമായും മുടങ്ങിയതോടെയാണ് ഭക്തജനങ്ങൾ പ്രതിഷേധവുമായി അസിസ്റ്റൻറ് കമ്മീഷണറുടെ വീടിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവമറിഞ്ഞ് എത്തിയ തിരുവല്ല എസ് ഐ നഹാദിന്റെ സാന്നിധ്യത്തിൽ പ്രതിഷേധക്കാരും ദേവസ്വം ഉദ്യോഗസ്ഥയും നടത്തിയ ചർച്ചയിൽ നാളെ മുതൽ ക്ഷേത്ര പൂജകൾക്ക് മുടക്കം ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ ഭക്തജനങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.