കൊച്ചി: തൃശൂർ വെണ്ടോരിൽ മൂന്നുവയസുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. ഒലിവിയുടെ പിതാവ് ഹെൻട്രി വിദേശത്തായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിലെത്തിയ ഹെൻട്രിയെ കൂട്ടിക്കൊണ്ടു വരാൻ കുടുംബാംഗങ്ങളോടൊപ്പം ഒലിവിയയും പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. മസാല ദോശ കഴിച്ച മൂന്നുവയസുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഇതോടെ ഒലിവിയയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒലിവിയക്ക് ഇഞ്ചക്ഷൻ കൊടുത്ത് ഇവർ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷവും ശാരീരിക അസ്വസ്ഥത മാറാത്ത ഒലിവിയയുമായി ഇവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി. കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത് എന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി. പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.