തൃശ്ശൂർ : അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട കുതിരാനിലെ ഇടത് തുരങ്കം ഇന്ന് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തേക്കും. ഒരു കൊല്ലക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടതു തുരങ്കം തുറക്കുന്നത്. തുരങ്കത്തിന്റെ ഉള്‍വശത്തെ കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ലൈറ്റുകള്‍, എക്സ്ഹോസ്റ്റ് ഫാനുകള്‍, അഗ്നിരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ പുനഃസ്ഥാപിക്കുന്ന ജോലികളും വശങ്ങളിലും കൈവരികളിലും ഉള്ള പെയിനന്റിങ്ങുമാണ് ഇപ്പോള്‍ നടക്കുന്നത്.
തുരങ്കത്തിനുള്‍വശം പൂർണമായി കോണ്‍ക്രീറ്റ് ചെയ്യേണ്ടിയിരുന്നെങ്കിലും അത് മുഴുവനാക്കാതെയാണ് തുരങ്കം നേരത്തെ തുറന്നുനല്‍കിയിരുന്നത്. മാലിന്യം പുറന്തള്ളുന്ന എക്ഹൌസ്റ്റ് ഫാനുകള്‍ പലതും പ്രവർത്തനരഹിതമായിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ഇടതു തുരങ്കം അടച്ചിട്ടത്.
തുരങ്കങ്ങള്‍ക്കുള്ളിലെ എല്ലാ അഗ്നിരക്ഷാ ഉപകരണങ്ങളും ഇതിനൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വലത്ത് തുരങ്കത്തിലൂടെയാണ് ഒരു കൊല്ലമായി രണ്ടു വരി ഗതാഗതം. പാലക്കാട് ഭാഗത്തേക്കുള്ള വലതു തുരങ്കത്തിന്റെ നിർമ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ അറ്റകുറ്റപണികളില്‍ വീഴ്ചയോ കാലതാമസമോ ഉണ്ടായില്ലെന്ന് കരാർ കമ്ബനി പ്രതിനിധി പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിഭാഗം സുരക്ഷാപരിശോധന നടത്തും. അഗ്നി സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാണ് തുരഹ്കം ഗതാഗതത്തിനായി തുറന്ന് കൊടുക്കുക. തുരങ്കം തുറക്കുന്നത്തോടെ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.