കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് എഡിജിപി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ നിർണായക വിവരങ്ങൾ പുറത്ത്. പൂരം അട്ടിമറിക്ക് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായെന്ന് കണ്ടെത്തൽ. പൂരം അട്ടിമറിക്കാൻ ഗുഢാലോചന നടന്നെന്നും അതിൽ തുടർ അന്വേഷണം വേണമെന്നും റിപ്പോർട്ട്.
തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരെ നിർണായക പരാമർശമുണ്ട് അന്വേഷണ റിപ്പോർട്ടിൽ. സ്ഥാപിത താല്പര്യങ്ങൾക്കു വേണ്ടി തിരുവമ്പാടിയിലെ ചിലർ പൂരം അട്ടിമറിച്ചു. പൂരം പൂർത്തീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും പാറമേക്കാവ് ദേവസ്വത്തിന്റെയും ശ്രമങ്ങൾ തിരുവമ്പാടിയിലെ ചിലർ അട്ടിമറിച്ചു. പാറമേക്കാവ് ദേവസ്വം പൂരം നടത്തണം എന്ന നിലപാട് എടുത്തു. എന്നാൽ തിരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാർ പൂരം നിർത്തി വെച്ച് തടസം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവമ്പാടി ദേവസ്വം സെക്രട്ടറി ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്ടിൽ രാഷ്ട്രീയം പറയുന്നില്ല. എന്നാൽ ഗിരീഷ്കുമാർ കോൺഗ്രസ് നേതാവാണ്. വനം വകുപ്പിനെതിരെയും ഗുരുതര പരാമർശം ഉണ്ട്. വനം വകുപ്പിന്റെ ചില ഉത്തരവുകൾ പൂരം സംഘാടകാർക്ക് പ്രശനങൾ ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന വിഷയത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളിൽ കഴമ്പു ഉണ്ടെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം.
പൂരം അന്വേഷണ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കും. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ എജിക്കു അയച്ചു. എജി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം നൽകാൻ നിർദ്ദേശിച്ചിരുന്ന റിപ്പോർട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.