തൃശൂർ : ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തില്‍ പുലിക്കളി നടക്കുന്ന 18ാം തിയതി (ബുധൻ) രാവിലെ മുതല്‍ തൃശുർ നഗരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങള്‍ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്‌ക്കനാല്‍ പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
ഉച്ചക്ക് 2 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പുലിക്കളി കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. പുലിക്കളി കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും, വൃക്ഷങ്ങള്‍ക്കു മുകളിലും കാണികള്‍ കയറുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ നിർമാണത്തിലിരിക്കുന്നതും ശരിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിലും പുലിക്കളി കാണാനെത്തുവർ പ്രവേശിക്കരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലിക്കളി കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍, റോഡരികില്‍ വാഹനങ്ങള്‍ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൗണ്ടുകളില്‍ പാർക്ക് ചെയ്യേണ്ടതാണ്. പുലിക്കളി ദിവസം സ്വരാജ് റൗണ്ടും, അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി.കമ്മീഷണറുടെ കീഴില്‍, വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ജനക്കൂട്ടത്തിനിടയില്‍ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാൻ പ്രത്യേകം മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനേയും നിയോഗിച്ചിട്ടുണ്ട്.