തൃശൂർ : തൃശൂരില്‍ നഗരത്തില്‍ വരുന്നവർക്ക് ഇനി ആകാശത്തിലൂടെ നടക്കാം. വെറും നടത്തമല്ല, വെയിലും മഴയും കൊള്ളാതെ നല്ല തണുപ്പില്‍ നടക്കാം. തൃശൂർ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്ടറില്‍ നടപ്പാക്കിയ മാതൃകാപരമായ പദ്ധതിയായ ആകാശപ്പാത (സ്‌കൈവാക്ക്) ‘ശക്തന്‍ നഗറില്‍ ആകാശത്ത്’ എന്ന പേരില്‍ ഇന്ന് വൈകിട്ട് അഞ്ചിന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.
സെന്‍ട്രലൈസ്ഡ് എ.സിയുടെ സ്വിച്ചോണ്‍ കര്‍മം മന്ത്രി അഡ്വ കെ. രാജനും ലിഫ്റ്റ് ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദുവും ആകാശപ്പാതയുടെ നെറ്റ് സീറോ എനര്‍ജി തലത്തിലുള്ള സൗരോര്‍ജ പാനല്‍ പ്രവര്‍ത്തനോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയും സിസിടിവിയുടെ ഉദ്ഘാടനം എംഎല്‍എ പി. ബാലചന്ദ്രനും നിര്‍വഹിക്കും. അമൃത് പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. തൃശൂർ കോർപ്പറേഷൻ അഭിമാന പദ്ധതിയായിരുന്നു ആകാശപാത. ആദ്യഘട്ടത്തില്‍ ആകാശപ്പാതയുടെ അടിസ്ഥാന സൗകര്യങ്ങളാണ് പൂര്‍ത്തീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഘട്ടത്തില്‍ ആകാശപ്പാത പൂര്‍ണമായി ശീതീകരിച്ചിട്ടുണ്ട്. നാല് പ്രവേശനകവാടങ്ങളിലും ആകാശപ്പാതയിലേക്ക് അനായാസം പ്രവേശിക്കുന്നതിന് ലിഫ്റ്റുകളും സ്ഥാപിച്ചു.
നെറ്റ് സീറോ എനര്‍ജിക്കായി സൗരോര്‍ജ ഉത്പാദനത്തിന് സോളാര്‍ പാനലുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനായി 20 സിസിടിവി കാമറകളും സ്ഥാപിച്ചു. 11 കോടി രൂപയോളം ചെലവഴിച്ചാണ് ആകാശപ്പാത പൂര്‍ത്തീകരിച്ചത്. അത്യാധുനിക രീതിയില്‍ മെട്രോസിറ്റികള്‍ക്ക് സമാനമായ രീതിയിലാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്.
ശക്തന്‍ മാര്‍ക്കറ്റ്, മത്സ്യമാംസ മാര്‍ക്കറ്റ്, ശക്തന്‍ ബസ് സ്റ്റാന്‍ഡ്, ശക്തന്‍ ഷോപ്പിങ് കോംപ്ലക്‌സ്, ഗോള്‍ഡന്‍ ഫ്‌ളീമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള അതിവിപുലമായ ജനനിബിഡ കേന്ദ്രമായ ശക്തന്‍ നഗറിലാണ് ആകാശപ്പാത. ദിനംപ്രതി അമ്പതിനായിരത്തില്‍ അധികം ജനങ്ങളാണ് ശക്തന്‍ നഗറിലെത്തുന്നത്. ഇതിന്റെ ഭാഗമായി അപകടങ്ങളും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പ്രദേശത്ത് നിരവധി അപകടമരണങ്ങളും ഉണ്ടായി. ബസുകളും കാറുകളും മറ്റു ചരക്ക് ലോറികളും ട്രാഫിക് ജാമില്‍പ്പെടുന്നത് പതിവാണ്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുജനങ്ങള്‍ക്ക് റോഡ് ക്രോസിങ് പൂര്‍ണമായി ഒഴിവാക്കി ഒരു ബദല്‍ സംവിധാനം എന്ന നിലയില്‍ ആകാശപ്പാത നിര്‍മിച്ചത്.