കോട്ടയം : കോൺഗ്രസിൽ അസംതൃപ്തരായ ഒരു വിഭാഗം നേതാക്കളെ കൂട്ടത്തോടെ അടർത്തിയെടുത്ത് തൃപുരമോഡൽ കേരളത്തിൽ പരീക്ഷിക്കാനൊരുങ്ങി ബി.ജെ.പി. കോൺഗ്രസിലെ അസംതൃപ്തരായ ചില മുതിർന്ന നേതാക്കളുമായി ചർച്ച നടക്കുന്നുണ്ടെന്ന സൂചനയും ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. താഴേത്തട്ടിലെ നേതാക്കളുമായും ആശയവിനിമയം നടക്കുന്നുണ്ട്. കേരള കോൺഗ്രസ് രൂപവത്കരണസമ്മേളനം നടന്ന തിരുനക്കര മൈതാനത്ത് ന്യൂനപക്ഷ മഹാസമ്മേളനം നടത്താനാണ് ആലോചന. സമ്മേളനത്തിനെത്തുന്ന ബി.ജെ.പി. കേന്ദ്രനേതാക്കളും സഭാനേതൃത്വങ്ങളും തമ്മിൽ കൂടിക്കാഴ്ചയും ആസൂത്രണം ചെയ്തിട്ടുണ്ട്.
കേരളത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനായി കോട്ടയത്ത് അടുത്തമാസമാദ്യം ന്യൂനപക്ഷ മഹാസമ്മേളനം നടത്താനാണ് ബി.ജെ.പിയുടെ പരിപാടി. പാർട്ടി പുഃനസംഘടനയ്ക്കുശേഷം ബൂത്ത് പ്രസിഡന്റുമാർ മുതൽ സംസ്ഥാന ജനറൽ സെക്രട്ടറി വരെ ബി.ജെ.പി.യിലും പോഷകസംഘടനകളിലുമായി 6,236 ന്യൂനപക്ഷ നേതാക്കളുണ്ട്. ഇവരിൽ 6100-ലേറെപ്പേർ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താഴേത്തലംമുതലുള്ള ന്യൂനപക്ഷ വിഭാഗക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇതിനൊപ്പം ന്യൂനപക്ഷ മോർച്ച പ്രവർത്തകരുടെ കുടുംബസംഗമവും ഉദ്ദേശിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാർ അടക്കമുള്ള ദേശീയ നേതാക്കളെ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. വിവിധ രാഷ്ട്രീയകക്ഷികളിലെ ക്രൈസ്തവ വിശ്വാസികളെയും അൽമായ സംഘടനാ പ്രതിനിധികളെയും ബി.ജെ.പി. നേതാക്കൾ സമീപിക്കുന്നുണ്ട്. മറ്റു പാർട്ടികളിൽനിന്നടക്കം ബി.ജെ.പി.യിലേക്ക് പുതുതായി എത്തുന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് ദേശീയ നേതാക്കളെക്കൊണ്ടുതന്നെ അംഗത്വം നൽകുന്നതിനുള്ള നീക്കത്തിലാണ് പാർട്ടി.