ചെന്നൈ: പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയുണ്ടാക്കിയ സിനിമയാണ് തഗ് ലൈഫ്. മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം നായകനാവുന്ന ചിത്രം എന്നതാണ് പ്രേക്ഷകരില്‍ ഈ ചിത്രത്തിന്‍റെ ഒരോ ആപ്ഡേറ്റും ആവേശം ഉണ്ടാക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിരയാണ് ആദ്യം ചിത്രത്തിനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്ത വന്നു. പുതിയ അപ്ഡേഷനുകളില്‍ ദുല്‍ഖറും ജയം രവിയും ഇല്ലെന്നതിലൂടെ ഇതിന് സ്ഥിരീകരണവും ലഭിച്ചു. ദുല്‍ഖര്‍ ഉപേക്ഷിച്ച റോള്‍ ചിമ്ബു ആയിരിക്കുമെന്ന് നേരത്തേ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ദില്ലി ലൊക്കേഷനില്‍ നിന്നുള്ള ചിമ്ബുവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.
രാജ്കമല്‍ ഫിലിംസ് പുറത്തിറക്കിയിരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഈ കാസ്റ്റിംഗ് അനൗണ്‍സ്‍മെന്‍റ് നടന്നിരിക്കുന്നത്. ബോര്‍ഡര്‍ പട്രോള്‍ എന്നെഴുതിയിരിക്കുന്ന ഒരു എസ്‍യുവിയില്‍ തോക്ക് ധാരിയായി ഡ്രൈവിംഗ് സീറ്റിലാണ് ചിമ്ബുവിനെ മണി രത്നം അവതരിപ്പിച്ചിരിക്കുന്നത്. മുടി നീട്ടി, കുറ്റിത്താടി വച്ചാണ് കഥാപാത്രത്തിനായുള്ള ചിമ്ബുവിന്‍റെ ഗെറ്റപ്പ്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. അതേസമയം ജയം രവി ഉപേക്ഷിച്ച റോളിലേക്ക് ആര് വരും എന്ന ചര്‍ച്ചകളില്‍ പുതിയ ഉത്തരം അശോക് സെല്‍വന്‍ എന്നാണ്. കഴിഞ്ഞ വര്‍ഷത്തെ അത്ഭുത ഹിറ്റ് പോര്‍ തൊഴില്‍ അടക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശോകിന്‍റെ അവസാനം ഇറങ്ങിയ ചിത്രം ബ്ലൂസ്റ്റാറാണ്. ഉടന്‍ തന്നെ അശോക് ശെല്‍വന്‍ തഗ് ലൈഫില്‍ ജോയിന്‍ ചെയ്യും എന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകളില്‍ കമല്‍ഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.