തിരുവല്ല നഗരസഭയുടെ ശ്മശാനത്തിന്റെ പുകക്കുഴൽ ഒടിഞ്ഞ് വീണു : ഒടിഞ്ഞത് 100 അടി ഉയരമുള്ള പുകക്കുഴൽ

തിരുവല്ല: തിരുവല്ല നഗരസഭയുടെ വാതക ശ്മശാനത്തിന്റെ പുകക്കുഴല്‍ ഒടിഞ്ഞു വീണു. പുകക്കുഴലിന്റേത് അടക്കമുള്ള പ്രശ്നങ്ങൾ കാരണം നാളുകളായി പ്രവര്‍ത്തിക്കാതെ കിടക്കുകയാണ് ശ്മശാനം. 100 അടിയോളം ഉയരമുളള കുഴലിന്റെ ഇടഭാഗത്തുവെച്ചാണ് ഒടിഞ്ഞത്. വാതക ചേംബര്‍ ഉറപ്പിച്ചിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഒടിഞ്ഞുവീണത്. സമീപത്തുളള റോഡിലൂടെ കടന്നുപോകുന്ന ഹൈടെന്‍ഷന്‍ ലൈനിലേക്ക് വീഴാതിരുന്നത് മൂലം വലിയ അപകടം ഒഴിവാഴി. ഇവിടെ വീടുകളും ഉണ്ട്. വെളളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് കുഴല്‍ വീണത്. കുഴലിന്റെ പലഭാഗവും ദ്രവിച്ചിരുന്നത് മുമ്പ് വാര്‍ത്തയായിരുന്നു. ഇതുവഴി പുക പുറത്തേക്ക് പടര്‍ന്നത് പ്രദേശവാസികള്‍ക്ക് പ്രയാസം സൃഷ്ടിച്ചതോടെയാണ് ശ്മശാനം അടച്ചിട്ടത്.

Advertisements

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്‍പതിനാണ് ശ്മശാനത്തില്‍ അവസാനമായി മൃതദേഹം സംസ്‌കരിച്ചത്. അന്ന് കുഴലിന്റെ താഴ്ഭാഗത്തുകൂടി പുക പുറത്തേക്ക് വന്നതോടെ സമീപത്തുളള വീട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കോവിഡ് കാലത്ത് ദിവസം അഞ്ച് മൃതദേഹങ്ങള്‍ വരെ സംസ്‌കരിച്ചിരുന്നു. അധികവും കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങളായിരുന്നു. പൊതിഞ്ഞെത്തിക്കുന്ന പോളിത്തീന്‍ കവര്‍ ഉള്‍പ്പടെയാണ് കത്തിക്കുന്നത്. ഇവയുടെ ഭാഗങ്ങള്‍ ഗ്യാസ് ചേംബറിന്റെ കുഴലുകളിലും മറ്റും അടിഞ്ഞ് പുക മുകളിലേക്ക് പോകാത്ത അവസ്ഥയില്‍വരെ എത്തിയിരുന്നു .
നഗരസഭയ്ക്ക് മറ്റ് പൊതുശ്മശാനം ഇല്ല. സ്ഥലപരിമിതിയിലുളള നിരവധി കുടുംബങ്ങള്‍ക്ക് ശവസംസ്‌കാരത്തിന് വാതകശ്മശാനം മാത്രമായിരുന്നു ആശ്രയം. ഇപ്പോള്‍ ഇത്തരം ആളുകളുടെ വീട്ടില്‍ മരണം സംഭവിച്ചാല്‍ അടുത്തുളള പഞ്ചായത്തിലെ പൊതുശ്മശാനങ്ങള്‍ തേടിപ്പോകേണ്ട സ്ഥിതിയാണ്. ശ്മശാനം നന്നാക്കിയെടുക്കാനുളള പദ്ധതികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. വാർഡ് കൗൺസിലർ ബിന്ദു റെജി കുരുവിള അറിയിച്ചതിനെ തുടർന്ന് മുൻസിപ്പൽ അധികൃതർ സ്ഥലം സന്ദർശിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

Hot Topics

Related Articles