തിരുവല്ല : എസ് സി എസ് ഗ്രൗണ്ടിൽ താത്കാലിക പന്തലിൽ പ്രാർത്ഥനാനിരതരായി നിന്ന വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ റമ്പാൻമാരായ വെരി. റവ. സാജു. സി പാപ്പച്ചൻ, വെരി. റവ. ഡോ. ജോസഫ് ഡാനിയേൽ, വെരി. റവ. മാത്യു. കെ. ചാണ്ടി എന്നിവർ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ പേരുകളിൽ എപ്പിസ്കോപ്പാമാരായി അഭിഷിക്തരായി. താത്കാലിക മദ്ബഹയിൽ നടന്ന സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.
12 വർഷത്തിനു ശേഷം മാർത്തോമ്മാ സഭയിൽ നടക്കുന്ന ബിഷപ്പ് സ്ഥാനാരോഹണ ചടങ്ങിനാണ് തിരുവല്ല ഇന്നലെ സാക്ഷ്യം വഹിച്ചത്.
സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് സേനയിൻ യഹോവയെ എന്ന ഗാനം ആലപിച്ചതോടെ ശുശ്രൂഷയ്ക്ക് ആരംഭമായി. സെന്റ് തോമസ് മാർത്തോമ്മാ പളളിയിൽ നിന്ന് നിയുക്ത എപ്പിസ്കോപ്പാമാരെ പ്രാർത്ഥനാപൂർവ്വം മദ്ബഹയിലേക്ക് ആനയിച്ചു. സഫ്രഗൻ മെത്രാപ്പൊലിത്തമാർ, എപ്പിസ്കോപ്പമാർ, സഹോദരി സഭകളിലെ ബിഷപ്പുമാർ, വികാരി ജനറാൾമാർ, വൈദികർ, സഭാ ഭാരവാഹികൾ, സഭാ കൗൺസിൽ അംഗങ്ങൾ, സംഘടനാ ഭാരവാഹികൾ, ഗായക സംഘം തുടങ്ങിയവർ പ്രാർത്ഥനാപൂർവ്വം ഘോഷയാത്രയിൽ അണിനിരന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്ബഹയിൽ പ്രവേശിച്ചതോടെ മൂന്നു റമ്പാൻമാരെയും സീനിയർ വികാരി ജനറാൾ വെരി. റവ. ജോർജ്ജ് മാത്യു മദ്ബഹയുടെ മുന്നിൽ കൊണ്ടു വന്ന് നിയോഗ ശുശ്രൂഷയ്ക്കായി മെത്രാപ്പോലീത്തയെ ഏല്പിച്ചു. വിശുദ്ധ സഭയുടെ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് പരിശുദ്ധ റൂഹാ നിങ്ങളെ വിളിക്കുന്നുവെന്ന മെത്രാപ്പോലീത്തയുടെ ആഹ്വാനത്തോടെ ഞാൻ സമ്മതിക്കുന്നുവെന്ന് റമ്പാൻമാർ പ്രതിവചനം പറയുന്നതോടെ വിശുദ്ധ കുർബാന ശുശ്രൂഷ ആരംഭിച്ചു. ആരാധനാ മദ്ധ്യേ തോമസ് മാർ തിമോഥെയോസ് വചന ശുശ്രൂഷ നിർവഹിച്ചു. തുടർന്ന് റമ്പാൻമാർ മദ്ബഹയുടെ മദ്ധ്യത്തിൽ മുട്ട് കൂത്തിയതോടെ സ്ഥാനാഭിഷേക ശുശ്രൂഷകൾ ആരംഭിച്ചു.
സത്യ വിശ്വാസം കാത്തു പ്രസംഗിച്ചു പഠിപ്പിക്കുമെന്ന് വാഗ്‌ദത്തം ചെയ്യുന്ന സമ്മതപത്രം റമ്പാൻമാർ വായിച്ച് മെത്രാപ്പൊലീത്തയെ ഏല്പിച്ചു. അംശവടി എന്തിയ മെത്രാപ്പോലീത്താ മുടി വെച്ച് തലയിൽ കൈവെച്ച് ഓരോരുത്തരുടെയും പേരുകൾ പ്രഖ്യാപിച്ച് പട്ടം നൽകി. സ്ഥാന വസ്ത്രങ്ങൾ നൽകുകയും മസനപ് ധരിപ്പിക്കുകയും ചെയ്തു. സഭയുടെ മോതിരം അണിയിച്ച് സ്ളീബായും വേദപുസ്‌തകവും നൽകി. എപ്പിസ്കോപ്പാമാരെ സിംഹാസനത്തിൽ ഇരുത്തി മൂന്നു പ്രാവശ്യം ഉയർത്തുമ്പേൾ വിശ്വാസ സമൂഹം എപ്പിസ്കോപ്പാ ഉത്തമനും സർവ്വദാ യോഗ്യനും എന്നർത്ഥം വരുന്ന ഓക്സിയോസ്
വിളിക്കുകയും തുടർന്ന് എപ്പിസ്കോപ്പാമാർ ഏവൻഗേലിയോൻ വായിക്കുകയും ചെയ്തതോടെ സ്ഥാനാഭിഷേക ചടങ്ങുകൾക്ക് സമാപനമായി.
നവാഭിഷിക്തൻ സഖറിയോസ് മാർ അപ്രം എപ്പിസ്കോപ്പയുടെ നേത്യത്വത്തിൽ വിശുദ്ധ കുർബാന ശുശ്രൂഷകൾ തുടർന്നു. സ്ഥാനാഭിഷേക ശുശ്രൂഷയിൽ സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തീമൊഥെയോസ്, ഡോ. എസെക് മാർ ഫീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രീഗോറിയോസ് മാർ ഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, ആർച്ച്ബിഷപ് ജോറിസ് ഫെർക്കാമൻ, ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്താ, എബ്രഹാം മാർ എപ്പിഫനിയയോസ്, സാമുവേൽ മാർ എറേനിയോസ്, ബിഷപ്പ് തോമസ് സാമുവേൽ, ബിഷപ്പ് ഉമ്മൻ ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ്, തുടങ്ങിയവർ സഹകാർമ്മികരായി.
സീനിയർ വികാരി ജനറാൾ വെരി. റവ. ജോർജ്ജ് മാത്യു, വെരി. റവ. ഡോ. ഡി. ഫിലിപ്പ്, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, റവ. മാത്യു വറുഗീസ്, റവ. കെ. ഈ. ഗീവർഗീസ്, റവ. കെ. എം. മാത്യു, റവ. ടോണി ഈപ്പൻ വർക്കി, റവ. സുബിൻ സാം മാമ്മൻ, റവ. ആനി അലക്സ് കുര്യൻ, ഇവാ. ജെയിംസ് എന്നിവർ ശുശ്രൂഷയിൽ സഹ നേതൃത്വം നൽകി. മുഖ്യ കാർമ്മികനായ മെത്രാപ്പൊലിത്താ മറ്റ് മേൽപ്പെട്ടക്കാരും ചേർന്ന് അംശവടി നൽകി. പുതിയ എപ്പിസ്കോപ്പമാർ മദ്ബാഹയിൽ നിന്ന് സ്ലീബാ കൊണ്ടു ജനങ്ങളെ ആശിർവദിക്കുകയും കൈമുത്തുകയും ചെയ്‌തത്തോടെ നിയോഗ ശുശ്രൂഷകൾ അവസാനിച്ചു.