തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രി കാവുംഭാഗം റസിഡന്റ് അസോസിയേഷന്റെ സഹകരണത്തോടുകൂടെ കാവുംഭാഗം ഗവ: എൽ പി സ്‌കൂളിൽ വച്ച് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ ആർ എ പ്രസിഡണ്ട് സുരേഷ് കാവുംഭാഗത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ പി ആർ സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിലർ അന്നമ്മ മത്തായി മരുന്നുവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
രാധാകൃഷ്ണൻ വേണാട്, സി. മത്തായി, സെബാസ്റ്റ്യൻ കാറ്റാടി, തോമസ് ചെറിയാൻ, ബാലകൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.
തിരുവല്ല മെഡിക്കൽ മിഷനിൽ നിന്ന് ടി എം എം കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളോടൊപ്പം മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രഹാമിന്റെ നേതൃത്വത്തിൽ 50 അംഗ ടീം ക്യാമ്പിന് നേതൃത്വം നൽകി. കാർഡിയോളജി, ന്യൂറോളജി, പൾമനോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലായി ഇരുന്നൂറോളം രോഗികൾക്ക് സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തപ്പെട്ടു. 50 ആളുകൾക്ക് സൗജന്യമായി പി എഫ് ടി ടെസ്റ്റും നടത്തി. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചയും തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു.