കൽപ്പറ്റ: മേപ്പാടി കുന്നമ്പറ്റയിൽ വിനോദസഞ്ചാരി ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ബാലാജി (22 ) ആണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയാണ് ബാലാജി. മേപ്പാടി കുന്നമ്പറ്റയിലെ സ്വകാര്യ റിസോര്‍ട്ടിൽ വെച്ചാണ് അപകട മരണം. സ്വിമ്മിംഗ് പൂളിൽ നിന്ന് ഷോക്കേറ്റു എന്നാണ് സംശയം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആയിരുന്നു മരണം സംഭവിച്ചത്.
ബാലാജി ഉൾപ്പെടെയുള്ള വിദ്യാർഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടിൽ താമസിക്കാനെത്തിയത്. സ്വിമ്മിംഗ് പൂളിന് സമീപത്തുള്ള തൂണിലെ ലൈറ്റിൽ നിന്നും ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.