തിരുവനന്തപുരം: കോൺഗ്രസിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുനയൊടിച്ചു പാർട്ടിയിലെ ഗ്രൂപ്പു പോരും ഡി.സി.സി. പ്രസിഡന്റിന്റെ വിവാദ പരാമർശവും. കെ.റെയിൽ വിരുദ്ധ സമരത്തിന്, അതുവരെ സജീവമാകാൻ കഴിയാതിരുന്ന കോൺഗ്രസിന് ഇടിച്ചുകയറാൻ അവസരമൊരുക്കിയതു മാടപ്പള്ളിയിലെ സമരവും തുടർന്നുണ്ടായ പ്രശ്നങ്ങളുമായിരുന്നു. ഇതു കോൺഗ്രസ് സംസ്ഥാന നേതൃത്വവും യു.ഡി.എഫും മുതലെടുക്കുകയും ചെയ്തിരുന്നു.
അതുവരെ സമരസമിതിയുടെ നേതൃത്വത്തിൽ മാത്രം നടന്നിരുന്ന പ്രതിഷേധ സമരങ്ങളുടെയും കല്ലു പിഴുതെടുക്കലിന്റെയും നേതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസിനു കഴിഞ്ഞതും മാടപ്പള്ളി സമരതെത്തത്തുടർന്നാണ്. പിന്നാലെ, സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കി വരുന്നതിനിടെയാണു സമരം സജീവമായ കോട്ടയത്തു തന്നെ പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെ തിരിച്ചടിയുണ്ടായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നത നേതാക്കളെ പങ്കെടുപ്പിച്ചു കോട്ടയത്തു പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ മുന്നണിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനമായിരുന്നു.
എന്നാൽ, സമരമുഖത്തെല്ലാം സജീവമായിരുന്ന ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് യോഗത്തിലെത്താതിരുന്നതോടെ കല്ലുകടിയായി. അതുവരെ ഇടഞ്ഞു നിന്ന മാണി സി. കാപ്പൻ എം.എൽ.എയെവ വരെ നേതൃത്വത്വം യോഗത്തിന് എത്തിച്ചിരുന്നു.
അസാന്നിധ്യം കൊണ്ടു പ്രശ്നം അവിടെ അവസാനിച്ചുവെന്നു കരുതിയിരിക്കേ, അറിഞ്ഞു കേട്ടു ചാത്തം ഉണ്ണാൻ പോകാറില്ലെന്ന വിവാദ മറുപടിയുമായി ഡി.സി.സി.പ്രസിഡന്റ രംഗത്ത് എത്തിയതോടെ നേതൃത്വം ആശയക്കുഴപ്പത്തിലായി. പ്രതിപക്ഷ നേതാവിനെതിരേ ഇത്തരം കടുത്ത ഭാഷയിൽ ആക്ഷേപം ഉന്നയിക്കുന്നതിനു മുമ്ബ് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു വേണ്ടതെന്ന അഭിപ്രായമാണ് നേതാക്കളിൽ ഏറെപേർക്കും.
ഇതോടെ, കെ റെയിൽ വിരുദ്ധ സമരത്തിൽ മറുപടി പറയാൻ വിഷമിക്കുന്ന അവസ്ഥയിലാണ് നേതാക്കൾ.
സമരത്തിൽ പാർട്ടിക്കു ലഭിച്ച മേൽക്കൈ വിട്ടുനിൽക്കലിലുടെയും വിവാദ പരാമർശത്തിലൂടെയും കളഞ്ഞുകുളിച്ചതാണ് നേതാക്കളെ രോഷാകുലരാക്കുന്നത്. ഐ.എൻ.ടി.യു.സി. വിവാദത്തിന്റെ പേരിൽ പ്രതിരോധത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഈ നീക്കവും തിരിച്ചടിയായി.
പാർട്ടിയ്ക്കുള്ളിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ വിട്ടുനിൽക്കലിനും തുടർന്നുണ്ടായ പരാമർശങ്ങൾക്കും കാരണമായെന്നാണു വിവരം.