പാലക്കാട്: യാത്രയ്ക്കിടെ തീവണ്ടിയില്‍നിന്ന് വീണ തമിഴ്നാട് സ്വദേശി വേദനയില്‍ പുളഞ്ഞ് പാളത്തിനരികെ കിടന്നത് നാല് മണിക്കൂർ.നാട്ടുകാരുടെ കണ്ണില്പ്പെട്ടതിനാല് ജീവിതത്തിലേക്ക് തിരിച്ചെത്തി. സേലം സ്വദേശി ശരത്കുമാറാണ് (29) തീവണ്ടിയില്‍നിന്ന് വീണ് പരിക്കേറ്റ് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ഞായറാഴ്ച പുലർച്ചെ 2.30-ഓടെ പാലക്കാട് ഐ.ഐ.ടി.ക്ക് സമീപം പന്നിമടയിയില്വെച്ചാണ് ശരത്കുമാർ തീവണ്ടിയില്‍നിന്ന് വീണത്.
ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസില്‍നിന്നാണ് വീണതെന്നും നേരം പുലർന്നുതുടങ്ങിയപ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ട് സമീപത്തെ വീട്ടുകാർ എത്തിയെന്നും ശരത്കുമാർ പറഞ്ഞു. രാവിലെ ആറോടെയാണ് കഞ്ചിക്കോട് അഗ്നിരക്ഷാസേന വിവരം അറിഞ്ഞത്. ഉടനെ ശരത്കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെനിന്നാണ് വിദഗ്ധചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എറണാകുളത്തുനിന്ന് സേലത്തേക്ക് പോവുകയായിരുന്നു ശരത്കുമാർ.