ദിസ്പൂർ: അസമിൽ ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ മൊറിഗാവോൺ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന കാട്ടാനയെ സിൽച്ചർ ബൗണ്ട് കാഞ്ചൻജംഗ എക്സ്പ്രസ്സ് ആണ് ഇടിച്ചു വീഴ്ത്തിയത്. കൊമ്പനാനയാണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്. ആനയെ കണ്ട് ഹോൺ മുഴക്കിയെങ്കിലും ട്രാക്കിൽ നിന്നും ആന മാറിയില്ല. ഇതോടെ വേഗതയിലെത്തിയ ട്രെയിൻ കാട്ടനയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടികൊണ്ട് തെറിച്ച് വീണ ആന എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതിന്റെയും, ശേഷം ചെരിഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. പരിക്കേറ്റ് ശരീരത്ത് മുറിവേറ്റെങ്കിലും ആന ട്രാക്കിൽ നിന്നും എഴുനേറ്റ് മാറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ മുന്നോട്ട് നടക്കാനാവാതെ ആന ട്രാക്കിനടുത്ത് തന്നെ ചരിയുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ കേരളത്തിൽ പാലക്കാട് ജില്ലയിലെ കഞ്ചിക്കോടും ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞിരുന്നു. കഴിഞ്ഞ മെയ് 7ന് രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് ആന ചരിഞ്ഞത്. രണ്ട് വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.