കോട്ടയം : കോട്ടയം റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നു. കോട്ടയത്തെ ചിങ്ങവനം യാര്‍ഡില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് കോട്ടയം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നത്. എന്നാൽ തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനം യാർഡിലെ അറ്റകുറ്റപ്പണികൾക്കായി ഇന്ന് പുലർച്ചെ 2.40 മുതൽ രാവിലെ 6.40 വരെ നാലുമണിക്കൂർ കോട്ടയം പാതയിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതായതോടെയാണ് തിരക്കേറിയ രാവിലെ സമയത്ത് ഓടുന്ന വന്ദേ ഭാരതും, മറ്റ് എക്പ്രസ് തീവണ്ടികളും വൈകുന്ന സാഹചര്യമുണ്ടായത്.
എന്നാൽ പണികൾ തീരാത്തത് സംബന്ധിച്ച അറിയിപ്പ് നല്‍കിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. പൂനെ കന്യാകുമാരി ജയന്തി ഏറ്റുമാനൂർ മെയിൻ ലൈനിൽ പിടിച്ചിട്ട ശേഷം ചെന്നൈ തിരുവനന്തപുരം വെയിൽ ലൂപ്പ് ലൈൻ വഴി കയറ്റി വിടുകയായിരുന്നു. വന്ദേ ഭാരത് സിഗ്നൽ കാത്ത് ചിങ്ങവനം സ്റ്റേഷനിലാണ് ഏറെനേരം കാത്തു കിടന്നത്. ചെന്നൈ–തിരുവനന്തപുരം, മൈസൂര്‍–കൊച്ചുവേളി, പുണെ–കന്യാകുമാരി ട്രെയിനുകളടക്കമുള്ളവയാണ് വൈകിയോടുന്നത്.
തിരുവനന്തപുരത്തേക്കുള്ള മലബാര്‍, വഞ്ചിനാട് എക്സ്പ്രസുകളും വൈകുന്നുണ്ട്.