കൊളംബോ: ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറി. ആറ് ആനകൾക്ക് ദാരുണാന്ത്യം. ശ്രീലങ്കയിൽ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിൻ ആന കൂട്ടത്തിലേക്ക് ഇടിച്ച് കയറി പാളം തെറ്റുകയായിരുന്നു. യാത്രക്കാർക്ക് സംഭവത്തിൽ പരിക്കില്ല. കൊളംബോയ്ക്ക് പടിഞ്ഞാറൻ മേഖലയിലെ ഹബറാനയിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾക്ക് പരിക്കേറ്റതിൽ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവമെന്നാണ് അധികൃതർ വിശദമാക്കുന്നത്. പരിക്കേറ്റ രണ്ട് കാട്ടാനകൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
ട്രെയിനുകൾ ഇടിച്ച് ആനകൾക്ക് പരിക്കുകൾ ഏൽക്കുന്നതും കൊല്ലപ്പെടുന്നതും ശ്രീലങ്കയിൽ അത്ര സാധാരണമല്ല. മനുഷ്യമൃഗ സംഘർഷങ്ങൾ പതിവായ രാജ്യങ്ങളിലൊന്ന് കൂടിയാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം 170 ആളുകളും 500 ആനകളുമാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 ആനകൾ ട്രെയിനുകൾ തട്ടിയാണ് കൊല്ലപ്പെട്ടത്. വനമേഖലയിലെ കയ്യേറ്റങ്ങൾ ഏറുന്നതിന് പിന്നാലെയാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകൾ പതിവായി എത്തുന്നതിന് കാരണമായി നിരീക്ഷിക്കപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനമേഖലയ്ക്ക് സമീപത്ത് കൂടിയുള്ള റെയിൽ പാളങ്ങളിലൂടെ പോകുന്ന സമയത്ത് ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ഹോണുകൾ മുഴക്കണമെന്നും ലോക്കോ പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2018ൽ ഗർഭിണിയായ ആനയും രണ്ട് കുഞ്ഞുങ്ങളും ഹബാരനയിൽ ട്രെയിൻ തട്ടി കൊല്ലപ്പെട്ടിരുന്നു. 7000 ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ബുദ്ധമത ഭൂരിപക്ഷ മേഖലയിൽ ആനകൾ നിയമപ്രകാരം സംരക്ഷിത ജീവിയാണ്. കാട്ടാനകളെ കൊല്ലുന്നത് കടുത്ത ശിക്ഷയ്ക്കും പിഴയ്ക്കും ഇവിടെ കാരണമാണ്.