ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ലഗേജ് നിയമങ്ങൾ പരിഷ്‌കരിക്കാനും കർശനമായി നടപ്പിലാക്കാനും തീരുമാനം. ഇതനുസരിച്ച് വിമാന സർവീസിന് സമാനമായി ഇനി മുതൽ ട്രെയിൻ യാത്രയിൽ ഒരു പരിധിയിൽ കൂടുതൽ ഭാരമുള്ള ലഗേജുകൾ കൊണ്ടുപോകാൻ സാദ്ധ്യമല്ല. കൂടുതൽ ലഗേജുകൾ കൊണ്ടുപോകണമെങ്കിൽ അധികം തുക നൽകേണ്ടി വരും. ബുക്ക് ചെയ്യാതെ കൊണ്ടുപോകുന്ന അധിക ഭാരമുള്ള ലഗേജിന് പിഴ ഈടാക്കാനും റയിൽവേ തീരുമാനിച്ചിട്ടുണ്ട്.
25 മുതൽ 75 കിലോ വരെ ഭാരമുള്ള ലഗേജുകൾ യാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും. ഇത് ഓരോ ക്‌ളാസും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എസ് ഫസ്റ്റ് ക്‌ളാസിൽ 70 കിലോ വരെയും എസി ടു ടയറിൽ 50 കിലോ വരെയും എസ് ത്രീ ടയർ, എസ് ചെയർ കാർ, സ്ലീപ്പർ ക്‌ളാസ് എന്നിവയിൽ 40 കിലോ വരെയും സെക്കൻഡ് ക്‌ളാസിൽ 25 കിലോ വരെയും ലഗേജ് സൗജന്യമായി കൊണ്ടു പോകാൻ സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിൽ അധികം ലഗേജ് ഉണ്ടെങ്കിൽ പാഴ്‌സൽ ഓഫീസിൽ ചെന്ന് ബുക്ക് ചെയ്യണം. 30 രൂപയാണ് ഇങ്ങനെ അധികം ലഗേജ് കൊണ്ടുപോകുന്നതിനുള്ള മിനിമം ചാർജ്. അത് ലഗേജിന്റെ ഭാരം അനുസരിച്ചും യാത്രയുടെ ദൂരം അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. ബുക്ക് ചെയ്യാതെ അധികം ലഗേജ് കൊണ്ട് പോകുന്നത് കണ്ടെത്തിയാൽ ബുക്കിംഗ് തുകയുടെ ആറിരട്ടി വരെ പിഴ ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം യാത്ര ചെയ്യുന്ന അതേ ട്രെയിനിൽ തന്നെ ലഗേജ് കൊണ്ട് പോകാൻ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്‌ബെങ്കിലും ലഗേജ് ബുക്കിംഗ് ഓഫീസിൽ എത്തിച്ച് ബുക്ക് ചെയ്യണം. വേണമെങ്കിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ കൂടെ തന്നെ ലഗേജ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.