ന്യൂഡല്‍ഹി: യാത്രക്കാർക്ക് സന്തോഷവാർത്ത പകർന്ന് ഇന്ത്യൻ റെയില്‍വേ ഒരു പ്രധാന നിയന്ത്രണം നീക്കി. ഇപ്പോള്‍ റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ യുടിഎസ് (UTS) ആപ്പ് വഴി എവിടെ നിന്നും ബുക്ക് ചെയ്യാം. യാത്രക്കാർക്ക് ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ റിസർവ് ചെയ്യാത്തതും പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭിക്കുമെന്ന് സീനിയർ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജർ സൗരഭ് കതാരിയയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നേരത്തെ ടിക്കറ്റ് ബുക്കിംഗിന് 50 കിലോമീറ്റർ ദൂര നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പരിധിയാണ് എടുത്തുകളഞ്ഞത്. റെയില്‍വേ യാത്രക്കാർക്ക് സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് എവിടെനിന്നും റിസർവ് ചെയ്യാത്ത ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും.
പുതിയ മാറ്റങ്ങള്‍ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിനെ പ്രോത്സാഹിപ്പിക്കുമെന്നും റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു. നേരത്തെ, സബർബൻ ട്രെയിനുകള്‍ക്ക് 20 കിലോമീറ്ററും നോണ്‍ സബർബൻ ട്രെയിനുകള്‍ക്ക് 50 കിലോമീറ്ററും ചുറ്റളവില്‍ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. റിപ്പോർട്ടുകള്‍ പ്രകാരം, നിലവില്‍ ഏകദേശം 25 ശതമാനം യാത്രക്കാർ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങാൻ യുടിഎസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്.