റിയാദ്: യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി ബഹ്‌റൈന്റെ ഔദ്യോഗിക വിമാനക്കമ്ബനിയായ ഗൾഫ് എയർ. യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ അറിയിച്ചു.
ഇക്കണോമി ക്ലാസ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് മാത്രമാക്കി കുറച്ചു. എക്കണോമി ക്ലാസ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്‌ലെക്‌സ് വിഭാഗത്തിൽ 35 കിലോയുമാക്കി. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ച് ബാഗേജുകളാക്കി കൊണ്ടുപോകാം. ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റീമീറ്ററിൽ കവിയാൻ പാടില്ല. ബിസിനസ് ക്ലാസുകളിൽ ബിസിനസ് സ്മാർട്ടിൽ 40 കിലോഗ്രാമും ബിസിനസ് ഫ്‌ലെക്‌സിൽ 50 കിലോഗ്രാം ലഗേജുമാണ് അനുവദിക്കുക. അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. കുട്ടികൾക്ക് 10 കിലോയും സ്‌ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്.