അഗർത്തല: ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം. ബിജെപി തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജന്റുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർത്ഥികള്‍ക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎം വിമർശിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും വിമർശനം ഉന്നയിച്ചു. പരാതിയെ തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രാംനഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവർക്ക് ബൂത്തില്‍ പ്രവേശിക്കാൻ അനുമതി നല്‍കിയെന്ന് വ്യക്തമായി. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം പ്രതിപക്ഷത്തിന്റെ ചില ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വെസ്റ്റ് ത്രിപുര പാർലമെന്റ് മണ്ഡലത്തില്‍ 1686 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 7,34,133 പുരുഷന്മാരും 7,29,337 സ്ത്രീകളും 56 ട്രാൻസ് ജെൻഡർ വോട്ടർമാരും ഉള്‍പ്പെടെ 14,63,526 വോട്ടർമാർ മണ്ഡലത്തിലുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ 80.40 ശതമാനവും രാംനഗർ ഉപതെരഞ്ഞെടുപ്പില്‍ 67.81 ശതമാനവും പോളിങ് രേഖപ്പെടുത്തി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ആശിഷ് കുമാർ സാഹ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നത് പോളിംഗ് ഏജന്റുമാർക്കും വോട്ടർമാർക്കും നേരെ അതിക്രമവും ഭീഷണിയുമുണ്ടായി എന്നാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ഇടതുമുന്നണി കണ്‍വീനർ നാരായണ്‍ കറും മുൻ മന്ത്രി മണിക് ഡേയും പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പലർക്കും ഭീഷണി കാരണം പോളിങ് ബൂത്തിന് സമീപത്തേക്ക് വരാനായില്ലെന്നും ഇവർ പറയുന്നു.