യു എസ് : 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ്.
2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്പോൺസിബിളിറ്റി ആന്റ് എത്തിക്സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 14-ാം അമൻഡ്മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.
പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്. 2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ജനുവരി 6ന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.