ദില്ലി: ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ. ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. ട്രംപിൻ്റെ പ്രഖ്യാപനത്തിൻ്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും ഇരുപക്ഷത്തിനും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാൽ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഇന്ത്യ സുഹൃത്താണെങ്കിലും അവർ ലോകത്തെ ഏറ്റവും ഉയർന്ന തീരുവകളാണ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ മുന്നറിയിപ്പ് തള്ളുകയാണ് ഇന്ത്യ. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യ അമേരിക്ക വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുകയായിരുന്നു. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിൽ തട്ടി ഇത് വഴിമുട്ടിയതോടെയാണ് ട്രംപ് തീരുവ ബോംബ് പ്രഖ്യാപിച്ചത്. അമേരിക്കയിൽ കെട്ടിക്കിടക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തേടുകയാണ് ട്രംപെന്ന് ഉന്നത വ്യത്തങ്ങൾ പറഞ്ഞു. തീരുമാനം നടപ്പാക്കിയാൽ ടെക്സ്റ്റൈൽസ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും. മേഖലയിലെ പല രാജ്യങ്ങൾക്കും ട്രംപ് പ്രഖ്യാപിച്ച തീരുവയെക്കാൾ കൂടുതലാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്.
അടുത്ത മാസം അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ചകൾക്ക് ഇന്ത്യയിൽ എത്താനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തീരുമാനം നീട്ടി വയ്ക്കണം എന്ന ആവശ്യം ഇന്ത്യ അമേരിക്കയെ അറിയിക്കും. നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി സംസാരിക്കാനും സാധ്യതയുണ്ട്. എന്തുകൊണ്ട് ട്രംപിൻ്റെ പ്രഖ്യാപനത്തെ ഇന്ത്യയ്ക്ക് ശക്തമായി എതിർക്കാനാകുന്നില്ല എന്ന് കോൺഗ്രസ് ചോദിച്ചു. മോദിയുടെ മൃദു നിലപാട് ഇന്ത്യയുടെ താല്പര്യങ്ങളെ ബാധിക്കുമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനിടെയുള്ള ട്രംപിൻ്റെ ഈ പ്രഖ്യാപനം അതിനാൽ സർക്കാരിന് പ്രതിസന്ധിയാകുകയാണ്.