ട്രംപിന്‍റെ രണ്ടാം ഭരണത്തില്‍ എലോണ്‍ മസ്കിനുണ്ടായ അപ്രമാദിത്വത്തില്‍ അസ്വസ്ഥരായത് ഡെമോക്രാറ്റുകൾ മാത്രമല്ല, റിപ്പബ്ലിക്കന്‍സ് കൂടിയാണ്. ഡോജ് എന്ന എലോണ്‍ മസ്കിന് കീഴിലുള്ള സ്ഥാപനം ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെയാണ് സര്‍ക്കാർ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുന്നത്. ചില സ്ഥാപനങ്ങളിൽ നിന്നും, പ്രത്യേകിച്ച് ആണവോർജ്ജവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും വൈകീട്ട് പിരിച്ച് വിട്ടവരോട് അടുത്ത ദിവസം രാവിലെ വീണ്ടും തിരിച്ച് കയറാമോ എന്ന് ചോദിക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
ജനം മസ്കിനെതിരെ പ്രതിഷേധം തുടങ്ങിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് ഒരു എഐ വീഡിയോ യുഎസ് സര്‍ക്കാറിന്‍റെ കീഴിലുള്ള ഭവന, നഗര വികസന വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിലെ ടിവിയില്‍ ഒരു വീഡിയോ തിങ്കളാഴ്ച രാവിലെ പ്ലേ ചെയ്യപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അമേരിക്കക്കാർക്ക് ന്യായവും താങ്ങാനാവുന്നതുമായ ഭവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക’ എന്ന വാക്കുകൾക്ക് പകരം ‘യഥാർത്ഥ രാജാവ് നീണാൾ വാഴട്ടെ’ എന്ന വാക്കുകളാണ് ടിവിയില്‍ കാണിച്ചത്. ഒപ്പം എലോണ്‍ മസ്കിന്‍റെ കാലുകളില്‍ ചുംബിക്കുന്ന ട്രംപിന്‍റെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോയും കാണിച്ചു.
രണ്ടാം സര്‍ക്കാറില്‍ മസ്കിന്‍റെ വാക്കുകൾക്ക് അപ്പുറത്ത് ട്രംപിന് മറ്റൊരു വാക്കില്ലെന്നാണ് യുഎസില്‍ നിന്നും ഉയര്‍ന്നു കേൾക്കുന്നത്. യുഎസിൽ ആണ്‍, പെണ്‍ ലിംഗ വ്യത്യാസം മാത്രമേയുള്ളൂവെന്ന്, മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളെ തള്ളിക്കൊണ്ട് മസ്ക് പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. പ്രചരിക്കപ്പെട്ട വീഡിയോ ആകട്ടെ സ്വവർഗ്ഗ ലൈംഗിക ചുവയുള്ളതും.
വാഷിംഗ്ടണ്‍ ഡിസിയിലെ റോബർട്ട് സി വീവർ ഫെഡറൽ കെട്ടിടത്തിനുള്ളിലെ ടെലിവിഷൻ സ്ക്രീനിലാണ് ഈ ലൂപ്പ് വീഡിയോ പ്ലേ ചെയ്യപ്പെട്ടതെന്ന് വയറിനോട് സംസാരിച്ച ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ടിവി ഹാക്ക് ചെയ്ത് പ്രദര്‍ശിക്കപ്പെട്ട വീഡിയോ നിര്‍ത്താനായി സ്ഥാപനത്തിലെ ഒരോ ടിവിയും ഒന്നൊന്നൊയി ഓഫ് ചെയ്യേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാജാവ് നീണാൾ വാഴട്ടെ’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ആഴ്ച ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ എഴുതിയ ഒരു കുറിപ്പിനെ പരാമര്‍ശിച്ചായിരുന്നു എഐ വീഡിയോ നിര്‍മ്മിക്കപ്പെട്ടത്.
അതേസമയം ആരാണ് വീഡിയോ നിര്‍മ്മിച്ചതെന്നോ ആരാണ് സര്‍ക്കാര്‍ സ്ഥാപനത്തിലെ ടിവി ഹാക്ക് ചെയ്തതെന്നോ വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ട്രംപ് മസ്കിന്‍റെ കാലില്‍ ചുംബിക്കുന്ന ഡീപ് ഫെയ്ക്ക് വീഡിയോകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സർക്കാര്‍ സ്ഥാപനത്തിന്‍റെ ടിവി സ്ക്രീനില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.