ഇസ്താംബൂള്‍: തുർക്കിയിലെ അങ്കാരയ്ക്കടുത്തുള്ള റിസോർട്ടിൽ വൻ തീപിടിത്തം. കര്‍ത്താല്‍കായയിലെ സ്കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേർ സാരമായ പരിക്കുകളോടെ കഴിയുകയാണ്. ബഹുനില കെട്ടിടത്തിലെ ഗ്രാന്റ് കർത്താൽ എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. 12-ാം നിലയിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടർന്നു പിടിയ്ക്കുകയായിരുന്നു.
സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ഭയപ്പെടുന്നു. കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ ഫറഞ്ഞു.
അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ എക്സിൽ പറഞ്ഞു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക് പറഞ്ഞു. തീ പിടിത്തവുമായാ ബന്ധപ്പെട്ട് ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളിൽ പുനരധിവസിപ്പിച്ചു.