കോഴഞ്ചേരി : ആറന്മുള മണ്ഡലത്തിലെ വാര്യാപുരം – പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ റോഡ് നിര്‍മാണത്തിനായി 6.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ കാരണം റോഡിന് വലിയ തകരാര്‍ സംഭവിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വാര്യാപുരം – മിനി സിവില്‍ സ്റ്റേഷന്‍ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചിരുന്നു.
പരിയാരം മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ (മിനി സിവില്‍ സ്റ്റേഷന്‍) വരെയുള്ള 40 എംഎം ബിസി ഓവര്‍ ലേ പ്രവൃത്തിക്കാണ് അനുമതി ലഭിച്ചത്. വെള്ളക്കെട്ടുകള്‍ വരുന്ന റോഡിന്റെ ഭാഗങ്ങളില്‍ ജിഎസ്ബി ഇട്ട് ഉയര്‍ത്തി ബിഎമ്മും അതിന് മുകളില്‍ ബിസിയും ചെയ്ത് ഉന്നത നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്.
പൊതുമരാമത്ത് നിരത്തു വിഭാഗത്തിനാണ് നിര്‍മാണ ചുമതല. റോഡ് അപകടങ്ങള്‍ ഒഴിവാക്കാനായി 350 മീറ്റര്‍ നീളത്തില്‍ മെറ്റല്‍ ക്രാഷ് ബാരിയറും നിര്‍മിക്കും. ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുമരാമത്ത് നിരത്തു വിഭാഗം റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പ് കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തിയും പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.