ഇരവിപേരൂരിലെ കുടിവെള്ള മാതൃക മറ്റു സ്ഥലങ്ങളിലും ഉപയോഗിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല : കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ തോട്ടപ്പുഴയില്‍ സംയോജിതമായി നടപ്പാക്കിയ മാതൃക മറ്റു സ്ഥലങ്ങളിലും ഉപയോഗിക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെയും കോഴിമല കുടിവെള്ള പദ്ധതിയുടെയും ജലജീവന്‍ മിഷന്‍ രണ്ടാംഘട്ട കുടിവെള്ളപദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം ഇരവിപേരൂര്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

പൈപ്പ് ലൈന്‍ ഇടുക മാത്രമല്ല ജലം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിലൂടെ ഈ പദ്ധതി മാതൃകയാകുന്നു. തോട്ടപ്പുഴശേരി, കോയിപ്രം പഞ്ചായത്തുകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കണം. ട്രീറ്റ് ചെയ്ത കുടിവെള്ളം ഈ പദ്ധതിയിലൂടെ
ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, അയിരൂര്‍ എന്നിവിടങ്ങളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നു. വികസന പ്രവര്‍ത്തനം സാധ്യമാകുമ്പോള്‍ ഏറ്റവും അധികം സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കുടിവെള്ളം ജനങ്ങള്‍ക്ക് നന്നായി എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആറന്മുള മണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ ആവശ്യം അറിയിച്ചിരുന്നു. തുടര്‍ന്ന് പദ്ധതിയുടെ അവിഭാജ്യഘടകമായ കാലപഴക്കം ചെന്ന തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണം നടത്തി. ഇതിനോടനുബന്ധിച്ച് കോഴിമല കോളനിയിലേക്കുള്ള 3.804 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ നീട്ടി സ്ഥാപിച്ചു. ഇരവിപേരൂര്‍ പ്രയാറ്റ് കടവിലുള്ള ഇന്‍ടേക്ക് പമ്പ് ഹൗസില്‍ പുതിയ പമ്പ് സെറ്റ് സ്ഥാപിച്ചു. മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പുതിയ പമ്പിങ് മെയിന്‍ സ്ഥാപിക്കുകയും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 400 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കി.

തോട്ടപ്പുഴ മുതല്‍ നന്നൂര്‍ വരെ പുതിയ പമ്പിങ് മെയിന്‍ സ്ഥാപിച്ചു. പ്രയാറ്റു കടവിലെ ഇന്‍ടേക്ക് പമ്പ് ഹൗസ് ലൈനുമായി പരസ്പരം ബന്ധിപ്പിച്ച് ഇരവിപേരൂരില്‍ നിന്ന് നേരിട്ട് വെള്ളം നന്നൂര്‍ ടാങ്കില്‍ എത്തിക്കാന്‍ സാധിച്ചു. ഇരവിപേരൂര്‍ പഞ്ചായത്തിലെ ഒന്ന്, 11, 12, 13, 14, 15, 16, 17 വാര്‍ഡുകളിലായി 20 കിലോമീറ്റര്‍ ദൂരം പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് പുതിയതായി 445 പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ജലലഭ്യത കുറഞ്ഞ 350 പഴയ കണക്ഷനുകള്‍ പുതിയ ലൈനുകളിലേക്ക് മാറ്റി നല്‍കി. 10 ദിവസം കൂടുമ്പോള്‍ മാത്രം ജലവിതരണം നടന്നിരുന്ന ഈ പ്രദേശങ്ങളില്‍ ഈ കുടി വെള്ള പദ്ധതിയിലൂടെ ആഴ്ചയില്‍ മൂന്നുദിവസം കുടിവെള്ളം സുലഭമായി ലഭ്യമാക്കാന്‍ സാധിക്കും.

ജലജീവന്റെ അന്തിമഘട്ടത്തില്‍ ശേഷിക്കുന്ന രണ്ട്, മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലും ഈ രീതിയില്‍ കുടിവെള്ളമെത്തിക്കും. 6247 കുടിവെള്ള കണക്ഷനുകള്‍ പുതിയതായി എത്തിക്കും. കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ് പദ്ധതി പൂര്‍ത്തികരിച്ചതെന്ന് പറഞ്ഞ മന്ത്രി ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു.
ആറന്മുള നിയോജകമണ്ഡലത്തില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കേരള ജല അതോറിറ്റിയുടെ ഇരവിപേരൂര്‍ ഗ്രാമീണ കുടി വെള്ള പദ്ധതിയുടെ കാലപഴക്കം ചെന്ന തൊട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും 12-ാം
വാര്‍ഡിലെ കോഴിമല കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ നീട്ടുന്നതിനുമായി സംസ്ഥാന പദ്ധതിയില്‍ അനുവദിച്ച 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്.

യോഗത്തില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. കേരള ജല അതോററ്റി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പത്തനംതിട്ട ബി. മനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ്. രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, അനില്‍ ബാബു, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, ആര്‍. ജയശ്രീ, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തിരുവല്ല എസ്.ജി. കാര്‍ത്തിക, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മല്ലപ്പള്ളി എ.ആര്‍. രമ്യ, അസിസ്റ്റന്റ് എഞ്ചിനീയര്‍ പുല്ലാട് പി.കെ. പ്രദീപ്, സിപിഐ എം ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.