തിരുവല്ല: നഗരസഭാ ഭരണം യു ഡി എഫ് പിടിച്ചതിന് പിന്നാലെ യു ഡി എഫ് അംഗമായ വൈസ് ചെയര്‍മാനെതിരെ ഇടതുമുന്നണി അവിശ്വാസത്തിന് നോട്ടീസ് നല്കി. വൈസ് ചെയർമാൻ ആയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസ് പഴയിടത്തിന് എതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. എല്‍ ഡി എഫി ലെ 15 അംഗങ്ങള്‍ ഒപ്പിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊല്ലത്തെ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് കൈമാറിയതെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പ്രദീപ് മാമ്മന്‍ അറിയിച്ചു. തിങ്കളാഴ്ച നടന്ന ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ 17-15 എന്ന വോട്ടുനിലയിലാണ് യു ഡി എഫ് ഭരണം പിടിച്ചത്. 2022 ജൂണ്‍ 16-ന് നടന്ന തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലാണ് ജോസ് പഴയിടം വൈസ് ചെയര്മാന് സ്ഥാനത്ത് എത്തിയത്. അന്ന് ജോസഫ് ഗ്രൂപ്പിന് നിന്ന് എല്‍ ഡി എഫില്‍ പോയി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തിയ ശാന്തമ്മ വര്‍ഗീസ് പിന്നീട് രാജിവെക്കുകയും യു ഡി എഫിന് ഒപ്പം ചേരുകയും ചെയ്തു. അവിശ്വാസം ചര്‍ച്ച ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.