പത്തനംതിട്ട: തിരുവല്ല ബൈപ്പാസിലെ മല്ലപ്പള്ളി റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും ഇതിന് കെ എസ് ടി പി യുടെ ഭാഗത്തുനിന്നും അടിയന്തരമായി ഇടപെടലുണ്ടാകണമെന്നും അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ. പുറമറ്റം കോമളം പാലത്തിന്റെ അപ്രോച്ച് റോഡിന് പകരമായി താത്കാലിക സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവല്ല ബൈപ്പാസില്‍ മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് തന്നെ ഇന്നലെ വീണ്ടും അപകടം ഉണ്ടായിരുന്നു. കാറും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. അടൂരില്‍ അപകടത്തില്‍പ്പെട്ട ബന്ധുവിന്റെ രേഖകളുമായി ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാറിലാണ് മീന്‍ വണ്ടി ഇടിച്ചത്. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളി റോഡ് ഭാഗത്തായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരും അടൂര്‍ സ്വദേശികളുമായ അജിത, രാജേഷ്, അനന്തകൃഷ്ണന്‍, ആനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.