തിരുവല്ല : കേരളീയ നവോത്ഥാനത്തെ മാനവികത ഉയർത്തിപ്പിടിച്ച് മുന്നോട്ട് നയിച്ച ശ്രീനാരായണ ഗുരുദേവനു കാലാതീതമായ പ്രസക്തിയുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷനിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ മനുഷ്യനെ ഓരോരോ കള്ളികള് കെട്ടിത്തിരിച്ച രീതികൾക്ക് മാറ്റമുണ്ടാകേണ്ടതാണെന്ന് ഗുരു കണ്ടിരുന്നു.
അതിനാലാണ് മതങ്ങൾക്ക് അതീതമായി മാനവികതയെ അദ്ദേഹം പ്രതിഷ്ഠിച്ചത്. ഗുരുദേവന്റെ ചിന്തകളും പ്രവർത്തനങ്ങളും എഴുത്തുകളുമൊക്കെ അത്തരത്തിൽ ഉള്ളതായിരുന്നു. കേരളത്തിന്റെ തിലകക്കുറിയായി മാറിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണെന്ന ഗുരുവിന്റെ വചനം. അതുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ നൽകുന്ന വിശേഷണത്തേക്കാൾ അനുയോജ്യം ഗുരുദേവന്റെ ആ സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ നാം ശ്രമിക്കണമെന്ന് സമാപന സമ്മേളനത്തിന്റെ ഭദ്രദീപപ്രകാശനവേളയിൽ എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. നമ്മുടെയെല്ലാം ഉള്ളിൽ ഈശ്വരാംശമുണ്ട്. ഇതു മനസ്സിലാക്കുമ്പോഴേ ഗുരുദേവൻ പറഞ്ഞ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വാക്യത്തിന്റെ അർത്ഥം മനസിലാകുകയുള്ളൂ. നമ്മുടെയുള്ളിൽ ഈശ്വരീയതയും രാക്ഷസീയതയുമുണ്ട്. എല്ലാവരിലും ഉള്ള ഈശ്വരാംശം നിലനിർത്താൻ പ്രാർത്ഥനയിലൂടെ കഴിയും. മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാൻ അതാണ് നല്ല മാർഗമെന്ന് ഗുരുവിന്റെ വാക്കുകൾ പാലിക്കണമെന്നും പ്രീതി നടേശൻ പറഞ്ഞു.
തുടർന്ന് ഗുരുദേവ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സംഘടനാസന്ദേശം നൽകി.
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, രാജേഷ് മേപ്രാൽ, സരസൻ റ്റി.ജെ. പ്രസന്നകുമാർ യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ. കെ. രവി, കെ. എൻ. രവീന്ദ്രൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി മണിയ സോമശേഖരൻ കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, യൂണിയൻ വൈദിക യോഗം പ്രസിഡന്റ് ഷിബു ശാന്തി സെക്രട്ടറി സുജിത്ത് ശാന്തി, സൈബർ സേന ചെയർമാൻ ശരത് ബാബു, കോർഡിനേറ്റർ അവിനാഷ് എ. എം. പെൻഷൻ കൗൺസിൽ ഫോറം പ്രസിഡന്റ് അംബിക പ്രസന്നൻ, എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ കൺവീനർ മീനു രാജേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ജിയുടെ വരയരങ്ങ് നടന്നു.