തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് മദ്യ നിർമ്മാണത്തിനായി മഹാരാഷ്ട്രയിൽ നിന്നു കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മോഷ്ടിക്കപ്പെട്ട സ്പിരിറ്റ് മറിച്ചു വിൽക്കാൻ സഹായിച്ച മഹാരാഷ്ട്ര ജൂലൈ ജില്ലയിലെ ഷിർപൂർ പല്ലാസർ സ്വദേശി രാമേശ്വർ കൈലാസ് ഗെയ്ക്ക്വാദ് (32) നെയാണ് പുളിക്കീഴ് പോലീസ് മഹാരാഷ്ട്രയിലെ സാഗ്വിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയ പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ ട്രെയിൻ മാർഗ്ഗം തിരുവല്ലയിൽ എത്തിച്ചു. കേസിലെ എട്ടാം പ്രതിയാണ് പിടികൂടപ്പെട്ട രാമേശ്വർ .
2021 ജൂൺ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ബറുവ എന്ന സ്ഥലത്തു നിന്നും ട്രാവൻകൂർ ഷുഗേസിലേക്ക് രണ്ട് ടാങ്കുകളിലായി എത്തിച്ച സ്പിരിറ്റിൽ 20386 ലിറ്ററാണ് കാണാതായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ജനറൽ മാനേജർ അലക്സ് പി എബ്രഹാം, ടാങ്കർ ഡ്രൈവർമാരായ തൃശൂർ പാട്ട് കോന്നാട്ട് നന്ദകുമാർ, ഇടുക്കി അറക്കുളം കാവുംപടി
വട്ടക്കുന്നേൽ സിജോ തോമസ്, കമ്പനി ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ പാണ്ടനാട് മണിവീണയിൽ അരുൺകുമാർ, പേർസണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, മധ്യപ്രദേശ് സ്വദേശി സതീഷ്
ബാലചന്ദ് വാനി എന്നീ ഏഴ് പ്രതികൾ മുമ്പ് അറസ്റ്റിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 ലക്ഷം രൂപയ്ക്ക് സ്പിരിറ്റ് മറിച്ചു വിറ്റതായി സതീഷ് ബാലചന്ദ് വാനി പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിൽ 10.28 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാരിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സംഭവം സംബന്ധിച്ച് പുളിക്കീഴ് പോലീസ് കേസെടുക്കുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്തെങ്കിലും അന്വേഷണം പൂർത്തിയായില്ലെന്ന കാരണത്താൽ കുറ്റപത്രം
സമർപ്പിച്ചിരുന്നില്ല. തിരുവല്ല ഡിവൈഎസ്പിയായി എസ് അഷാദ് ചുമതലയേറ്റതോടെ കേസന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് പുളിക്കീഴ്
ഇൻസ്പെക്ടർ ഇ. അജീബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. എസ് ഐ ജെ ഷെജിം, എ എസ് ഐ എസ് എസ് അനിൽകുമാർ , സീനിയർ സി പി ഒ രാജേഷ്, സി പി ഒ സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതിയെ പിടികൂടിയത്.