തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യക്കാണ്(24) രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമായാണ്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 7പേരാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗം ബാധിച്ച് നെയ്യാറ്റിൻകര കണ്ണറവിള പൂതംകോട് സ്വദേശി അഖിൽ (27) കഴിഞ്ഞ മാസം 23ന് മരിച്ചിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 5 പേർക്ക് കൂടി രോഗം ബാധിച്ചു. കണ്ണറവിള കാവിൽകുളത്തിൽ കുളിച്ചവരായിരാണ് ഇവർ. ആരോഗ്യ വകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരൻ സംസാരിച്ച് തുടങ്ങി. മൂന്ന് ആഴ്ച വെൻ്റിലേറ്ററിലായിരുന്ന കുട്ടി അപകടനില തരണം ചെയ്തതായും ഒരാഴ്ച കൊണ്ട് ആരോഗ്യനില പൂർണമായി വീണ്ടെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.