തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിൻറെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.
നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറയൂർ നിവാസിയാണ് ഷിജു സ്റ്റീഫൻ, മാറാടി സ്വദേശിയാണ് പ്രമീള.
സമീപവാസിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഷിജു സ്റ്റീഫൻറെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്ബത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫൻ.