തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ അംഗീകാരത്തോടെ തിരുവനന്തപും മേജര്‍ അതിരൂപതയില്‍ പുതിയതായി കോര്‍ എപ്പിസ്‌കോപ്പമാരായി നിയമിതരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത്, റവ. മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍, റവ. ഫാ. ജോണ്‍ കാരവിള എന്നിവര്‍ ഇന്ന് രാവിലെ പട്ടം സെന്റ്‌മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ സ്ഥാനമേല്‍ക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
സഭയിലെ മറ്റ് മെത്രാപ്പോലീത്തമാര്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മധ്യേ കാതോലിക്കാ ബാവ ഇവരെ സ്ഥാന ചിഹ്നങ്ങള്‍ അണിയിക്കും. റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് ഇപ്പോള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ വികാരി ജനറലാണ്. റവ. ഡോ. ജോണ്‍സണ്‍ കൈമലയില്‍ നേരത്തെ റോമിലെ പൗരസ്ത്യ തിരുസംഘത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരുന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കിയിരുന്നു. റവ. ഫാ. ജോണ്‍ കാരവിള ഇപ്പോള്‍ അടൂര്‍ വൈദിക ജില്ലയില്‍ വയലാ കിഴക്കുപുറം ഇടവകകളുടെ വികാരിയാണ്.