തിരുവനന്തപുരം: ലോകത്തിലെ നൈറ്റ്‌ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്.
എയർപോർട്ട് റോഡിൽ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവർത്തിക്കുക. രാത്രി 12വരെയാണ് പ്രവർത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവർത്തിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാൻസ് ഫ്ലോറുകൾ, ഭക്ഷണശാലകൾ, കൂട്ടായ ആഘോഷങ്ങൾക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ നടക്കും. വരാന്ത്യങ്ങളിൽ ബാൻഡുകൾ ഉൾപ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയിൽ ബുധനാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ നിയമങ്ങൾക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയിൽ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് സംസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങൾക്കും ഉണർവ്വേകുമെന്ന് ഓഫോറി ക്ലബ് മാനേജ്മെന്റ് പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര, ഐടി മേഖലകൾക്ക് നൈറ്റ് ലൈഫ് കുതിപ്പേകും. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലും, ദക്ഷിണേന്ത്യൻ നഗരങ്ങളിലും ഓഫോറിക്ക് നൈറ്റ് ക്ലബുകൾ തുടങ്ങാൻ പദ്ധതിയുണ്ട്.