തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. കർണാടകയിലെ ശിവമോഗ മൃഗശാലയിൽ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്. ശിവമോഗയിൽ നിന്ന് മൂന്ന് ദിവസത്തെ റോഡ് യാത്ര കഴിഞ്ഞതിന്റെ ക്ഷീണം കാണാം കുറുക്കന്റെയും കഴുതപ്പുലിയുടെയും ഒക്കെ മുഖത്ത്. ഒപ്പം പുതിയ താവളത്തിൽ എത്തിപ്പെട്ടതിന്റെ ആശ്ചര്യവും.
കർണാടകയിൽ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം മൃഗശാലയിൽ എത്തി. പിന്നീട് ഓരോരുത്തരായി കൂട്ടിലേക്ക്. അടുത്തിടെ പണി കഴിപ്പിച്ച ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് പുതിയ അതിഥികളെ മാറ്റിയത്. മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് കഴുതപ്പുലി, രണ്ട് മഗർ മുതല, രണ്ട് കുറുക്കൻ, മരപ്പട്ടി രണ്ടെണ്ണം- ഇത്രയുമാണ് ഷിമോഗയിൽ നിന്ന് എത്തിയ അതിഥികൾ.
ഇവിടെ നിന്ന് തിരിച്ചും മൃഗങ്ങളെ കൈമാറിയിട്ടുണ്ട്. മുള്ളൻ പന്നി, ചീങ്കണ്ണി, കഴുതപ്പുലി, സൺ കോണിയൂർ തത്ത എന്നിവയെ ശിവമോഗയിലേക്ക് കൈമാറും. അനിമൽ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി കൂടുതൽ മൃഗങ്ങളെ എത്തിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.