കോട്ടയം : അകാലത്തില്‍ പൊലിഞ്ഞ കുഞ്ഞാറ്റയ്ക്ക് സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സ്‌കൂളില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്‌കൂള്‍ വിദ്യാത്ഥിനി ക്രിസ്റ്റല്‍ സി ലാല്‍ എന്ന കുഞ്ഞാറ്റ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗത്തിനാണ് സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്.
പ്രിയപ്പെട്ട കൂട്ടുകാരോടും അധ്യാപകരോടും മൗനമായി യാത്രചൊല്ലി കുഞ്ഞാറ്റ വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ നിന്നും മടങ്ങി. കരിപ്പൂത്തട്ട് ചേരിക്കല്‍ വീട്ടില്‍ ലാല്‍ സി ലൂയിസിന്റെയും നീതുവിന്റെയും മകളായ ക്രിസ്റ്റല്‍ സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെ സ്‌പോര്‍ട്‌സ്‌ഡേയില്‍ ഓട്ടമത്സരത്തിനിടെയാണ് ക്രിസ്റ്റല്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ കുട്ടികളുടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇന്ന് രാവിലേയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. കുടുംബത്തിന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി. ക്രിസ്റ്റല്‍ പഠിച്ചിരുന്ന സ്‌കൂള്‍ അങ്കണത്തിലേക്ക് അവസാനമായി എത്തുമ്പോള്‍ അധ്യാപകരും സഹപാഠികളും രക്ഷിതാക്കളുമെല്ലാം കണ്ണീരോടെ കാത്തുനിന്നു. വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സഹപാഠികളും അധ്യാപകരും ക്രിസ്റ്റലിന് കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ച് വിടചൊല്ലി. ഹെഡ്മിസ്ട്രസ് ലില്ലി പോള്‍, ക്രിസ്റ്റലിന്റെ ക്ലാസ്സ് ടീച്ചര്‍ ഡോണ്‍ ജോസ്, പിടിഎ പ്രസിഡന്റ് പി സി മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം കരിപ്പൂത്തട്ടിലെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ 11.30ന് ആര്‍പ്പൂക്കര സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. നോയല്‍, ഏയ്ഞ്ചല്‍ എന്നിവരാണ് ക്രിസ്റ്റലിന്റെ സഹോദരങ്ങള്‍.