പത്തനംതിട്ട: കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂർ നാക്കാലിക്കൽ എസ്.വി.ജി. എച്ച്.എസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തു നിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത്.
കനാലിൽ കുളിക്കാൻ ഇറങ്ങി കാണാതായി എന്ന സംശയത്തിലായിരുന്നു തിരച്ചിൽ. എന്നാൽ ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.